പ്രവാചകന് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അല്ലാഹുവിനെ അവര്‍ അംഗീകരിക്കുന്നു. പക്ഷെ അത് ഇസ്ലാമിന്റെ രൂപത്തിലല്ല. ദൈവം മറ്റു പല കെട്ടുപാടുകളില്‍ കുടുങ്ങി കെടുന്നു. പരലോകം അവര്‍ക്ക് തീര്‍ത്തും പരിഹാസം. അവര്‍ ചോദിച്ചു കൊണ്ടിരുന്നു. ‘ ഞങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ പൂര്‍വ പിതാക്കളെയും ഇനിയും ജീവിപ്പിക്കുമോ”. അവരുടെ മറ്റൊരു ചോദ്യം ഇങ്ങിനെ “ നിന്റെ അല്ലാഹുവിന്റെ തറവാട്?. ആരാണ് ആ ദൈവത്തിന്റെ പിതാവ്” പ്രവാചകന്‍ അതിനൊക്കെ മറുപടി പറഞ്ഞു. പക്ഷെ അവര്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു. അപ്പോള്‍ തിരുമേനി മറ്റൊരു ചോദ്യം അവരുടെ മുന്നിലിട്ടു “ഇതിനുമുമ്പ് കുറെ കൊല്ലങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ടല്ലോ” ആ ചോദ്യത്തിന് മുന്നില്‍ അവര്‍ നിശബ്ദരായി. അവിടെയാണ് ആ പ്രവാചകന്റെ മുന്നില്‍ അവര്‍ ആദ്യം തോല്‍ക്കുന്നത്. താന്‍ ജീവിക്കുന്ന സമൂഹത്തില്‍ പ്രവാചകന്‍ തന്റെ ആദര്‍ശത്തെ എതിര്‍ത്തവരോട് തന്റെ വ്യക്തിത്വം കൊണ്ട് സംവദിച്ചു. നമുക്ക് പറ്റാത്തതും ഇത് തന്നെ. നമ്മുടെ സ്വന്തം നാട്ടില്‍ ഈ ചോദ്യം ചോദിയ്ക്കാന്‍ കഴിയുന്ന എത്ര പ്രവാചക അനുയായികള്‍ ഉണ്ട്. മാത്രമല്ല പലപ്പോഴും നമ്മുടെ ഇടയില്‍ ഈ മതം മോശമായി ചിത്രീകരിക്കാന്‍ പോലും നാം കാരണമാകുന്നില്ലേ?. ഇസ്ലാം മൈക്ക് കെട്ടി പ്രസംഗിച്ചു ഉണ്ടായ ഒന്നല്ല. അതിന്റെ ഒന്നാമത്തെ പ്രചരണം അതിന്റെ അനുയായികള്‍ തന്നെ. അവരിലൂടെ ലോകം ഇസ്ലാം അറിഞ്ഞു. മനസ്സിലാക്കി. ലോകം ഇസ്ലാമിനെ പുല്‍കി. പ്രവാചകന്‍ അവരുടെ മനസ്സില്‍ ഒരു ബിംബമായി നില കൊണ്ടില്ല. അവര്‍ക്ക് വഴികാട്ടിയായി തിരുമേനി നിലകൊണ്ടു. മാനുഷിക ഗുണങ്ങള്‍ ആ പ്രവാചകനില്‍ ഹിമാലയത്തെക്കാള്‍ ഉന്നതമായിരുന്നു. അതിന്റെ പരപ്പ് ആമസോണിനെ കടത്തി വെട്ടും. പ്രവാചകന്‍ ലോകത്തിനു അനുഗ്രഹമായത് അവിടുത്തെ ഉന്നത സ്വഭാവ ഗുണം കൊണ്ട്. അന്തകാരത്തില്‍ ആണ്ട് പോയ സമൂഹത്തെ വെളിച്ചത്തിലേയ്ക്കു നയിച്ചത് ആ സ്വഭാവ മഹിമ. എന്നിട്ട് നമ്മോട് പറഞ്ഞു. നിങ്ങള്‍ ഈ പ്രവാചകനെ പിന്തുടരുക. അത് മാത്രമാണ് നിങ്ങളുടെ വിജയ മാര്‍ഗം. പക്ഷെ നാം പ്രവാചകനെ പിന്തുടര്‍ന്നു. പാഥേയം മറന്നു പോയ യാത്രക്കാരനെ പോലെ. പ്രവാചകന്റെ വിശ്വാസം, കരുണ, സത്യസന്ധത, അനുകമ്പ, എന്നിവ നമ്മില്‍ പലരുടെ അടുത്ത് കൂടെ പോലും പോയില്ല. ആ പ്രവാചകന് വേണ്ടി എന്ന പേരില്‍ നാം പരസ്പരം കൊലവിളി നടത്തി. തന്റെ ശത്രുവിനെ പോലും സ്നേഹത്തോടെ പരിചരിച്ച ആ പ്രവാചകന്റെ പേരില്‍ ഒരേ ആദര്‍ശക്കാര്‍ പോലും ചേരി തിരിഞ്ഞു തെറി വിളിച്ചു. പ്രവാചക ജീവിതം ലോകത്തിനു അല്ഭുതമാകുന്നത് ആ പ്രവാചകന്റെ ചരിത്രം കൂടി നോക്കിയാണ്. അവിടുത്തെ എന്തിനും പിന്പലമുണ്ട്. പ്രവാചകന്റെ ബാക്കിയിരിപ്പുകള്‍ ചരിത്രപരമായി തെളിയിക്കുക എന്നത് ആ പ്രവാചകനോട് ചെയ്യേണ്ട നീതിയാണ്. മുസ്ലിം ലോകം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇമാം മാലിക് (റ) വിന്‍റെ “ മുവത്വ” എന്ന ഹദീസ് ഗ്രന്ഥം പ്രഥമ പരിഗണന ലഭിക്കാതെ പോയത് അതില്‍ “മുര്സലായ” ( സഹാബിയുടെ നാമം വിട്ടു പോകുക) ഹദീസ് ഉണ്ട് എന്ന കാരണത്താലാണ്. അപ്പോള്‍ പ്രവാചകനുമായി അടുത്ത കാലം പങ്കിടുന്ന മഹാന്മാര്‍ പോലും തെളിവുകള്‍ സമര്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അമ്ഗീകരിക്കാതിരിക്കുക എന്നത് മുസ്ലിം ലോകം അംഗീകരിച്ച വസ്തുതയാണ്. മറ്റൊരു കാര്യം കുറ്റമറ്റ രീതിയില്‍ പ്രവാചകന്‍റെതു എന്ന് പറയാന്‍ കെല്‍പ്പുള്ള ഒരു തിരുശേഷിപ്പും എവിടെയും ഇല്ല എന്നതാണ് സത്യം. ഉണ്ടായിരുന്ന അവസാനത്തെ അടയാളം താര്‍താരികള്‍ ദമാസ്കസ് കീഴടക്കിയപ്പോള്‍ കത്തിച്ചു എന്നാണു മനസ്സിലാക്കപ്പെടുന്നത്. അപ്പോള്‍ ഈ മുടി തെളിവുകള്‍ വരാത്ത കാലത്തോളം സമുദായത്തിന്റെ കാലില്‍ ചുറ്റിപ്പിടിച്ച ഒന്നാണ്. അത് നമ്മുടെ ചലന ശേഷി ഇല്ലാതാക്കും. ലോകത് പ്രവാചകന്റെ പേരില്‍ ഒരു പള്ളി മാത്രമേ ഉള്ളൂ. അത് പുന്യത്തില്‍ രണ്ടാം സ്ഥാനത് നില്‍ക്കുന്ന പള്ളി. പ്രവാചകന് വേണ്ടി നാം പള്ളികള്‍ നിര്‍മിക്കേണ്ട. പള്ളികള്‍ അല്ലാഹുവിന്റെ ഭവനമാണ്. അത് മുസ്ലിം ഉമ്മത്തിന്റെ സംസ്കാരിക കേന്ദ്രവും. പ്രവാചകന്‍ ഓരോ വിസ്വാസിയിലൂടെയും ജീവിക്കണം. അപ്പോള്‍ ലോകത് വെളിച്ചം ഉണ്ടാകും. പക്ഷെ നാം നമ്മിലൂടെ ആ പ്രവാചകനെ കൊല്ലുകയല്ലേ ചെയ്യുന്നത്.