Sunday, September 25, 2011

നാം നേടിയോ


കാര്യങ്ങളെ അവലോകനം ചെയ്യുക എന്നത് ഇസ്ലാം ആകുന്നു. ഉമറുല്‍ ഫാറൂഖ് (റ.അ) പറഞ്ഞത് വളരെ പ്രസക്തം. വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യുക. ഓരോ ദിനത്തെയും അന്ന് തന്നെ വിചാരണ ചെയ്യുക. തിരുതാനുള്ളത് അന്ന് തന്നെ തിരുത്തുക. ഇന്നത്തെ അബദ്ധം നാളെ വീണ്ടും ഉണ്ടാവാതെ സൂക്ഷിക്കുക. ഇന്നതെക്കാള്‍ കൂടുതല്‍ സൂക്ഷ്മത നാളേക്ക് നല്‍കുക. പക്ഷെ നമ്മില്‍ അധികം പേരും ഇത്തരം ഒരു വിചാരണ ചെയ്യാന്‍ മടിക്കുന്നവരാണ്. തന്റെ ഇന്നലെകള്‍ തന്നെ തന്നെ വേട്ടയാടും എന്നതാന് പലരെയും അതിനു പ്രേരിപ്പിക്കാത്തത്. മനുഷ്യനു ഉത്തരം നല്‍കാന്‍ ഏറ്റവും വിഷമം തന്റെ മനസ്സിനാണ്. അതിനാലാണ് പണ്ഡിതന്മാര്‍ ഇങ്ങിനെ പറഞ്ഞത് ഒരായിരം മുഫ്തികള്‍ ഫതവ നല്‍കിയാലും നീ നിന്റെ മനസ്സിനോട് ചോദിക്കണം എന്ന് ഖുര്‍ആന്‍ ഈ അവലോകനത്തിനു നല്‍കിയ പ്രാധാന്യം ഒന്ന് നോക്കൂ. പ്രവാചകന്‍ (സ.അ) കടന്നു പോയ ഒട്ടു മിക്ക വിഷയങ്ങളും ഖുര്‍ആന്‍ അവലോകനം നടത്തുന്നുണ്ട്. അതില്‍ പ്രവാചകന്റെ കുട്ടികാലം മുതല്‍ തുടങ്ങി ജീവിതത്തിന്റെ അവസാനം വരെ ഉള്‍ക്കൊള്ളുന്നു. ബദറിന്റെ വിജയവും ഉഹടിന്റെ പരാജയവും എല്ലാം അത് വിചാരണ ചെയ്തു. കേവലം കഥാകഥനം നടത്തുക എന്ന രീതിയിലല്ല. പകരം അതിലെ മുന്നേറ്റങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി. ബദറില്‍ പ്രവാചകന്‍ നടത്തിയ പ്രാര്‍ത്ഥന. ഉഹുടില്‍ ചിലര്‍ നടത്തിയ അനുസരക്കേട്‌, അങ്ങിനെ ഒരു പാട് നമുക്ക് കാണാം.

നമുക്ക് ഇപ്പോള്‍ കഴിഞ്ഞു പോയത് ഒരു വിചാരണ മാസമാണ്. പ്രവാചകന്‍ ഇങ്ങിനെ പറഞ്ഞതായി നമുക്ക് വായിക്കാം ഒരാള്‍ ജീവിച്ചിരിക്കെ റമദാന്‍ ആഗതമായി, എന്നിട്ടും അയാള്‍ പപമുക്തനായില്ല. എങ്കില്‍ അവന്‍ മുഖം കുത്തി വീഴട്ടെ. അതി ഗൌരവമായ ഒരു വിഷയമാണ് ഇവിടെ പ്രതിപാതിക്കുന്നത്. നോമ്പ് അനുഷ്ട്ടിക്കാത്തവന്‍ എന്നതിന് പകരം നോമ്പ് കൊണ്ട് പാപം പോരുക്കപ്പെടാത്തവന്‍ എന്നാണു തിരുമേനി പറഞ്ഞത്. നാം ചിന്തിച്ചു നോക്കുക. കഴിഞ്ഞ റമദാന്‍ കൊണ്ട് നാം എത്ര മാത്രം മാറിയിട്ടുണ്ട്. ശഹബാന്‍ മുപ്പതിന്റെ രാത്രിയില്‍ നിന്നും ശവ്വാല്‍ ഒന്നില്‍ ഞാന്‍ എവിടെ നില്‍ക്കുന്നു. എന്റെ നിലപാടുകള്‍, ബന്ധങ്ങള്‍. ഇടപാടുകള്‍, സംസാരങ്ങള്‍, എന്തിലും ഉപരിയായി അല്ലാഹുവുമായുള്ള ബന്ധത്തില്‍ വൃതാനുഷ്ടാനം വല്ല മാറ്റവും എന്നില്‍ വരുത്തിയിട്ടുണ്ടോ. ചിലര്‍ പറയും റമദാന്‍ കൊണ്ട് ഭക്ഷണതിനു ഒരു ക്രമം വന്നു. അല്ലെങ്കില്‍ ഉറക്കത്തിനു ക്രമം വന്നു. അതിലപ്പുറം നമ്മുടെ ഏതു തലങ്ങല്‍ക്കാന് റമദാന്‍ നമുക്ക് മാറ്റമായത്. ഇവിടെ വകീലും ന്യായാധിപനും നിന്റെ മനസ്സാണ്. ഇതിനെ ക്കുറിച്ചാണ് നാമിങ്ങിനെ വായിക്കുന്നത് നിശ്ചയം, ആത്മാവിനെ സംസ്കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു. റമദാന്‍ കൊണ്ട് നമുക്ക് അള്ളാഹു വാഗ്ദാനം ചെയ്തത് ഒന്ന് മാത്രം. അത് തഖ്‌വയാണ്. തഖ്‌വ നമ്മെ നന്മയിലേക്കും അവിടെ നിന്ന് സ്വര്‍ഗതിലെക്കും നയിക്കും. വിശ്വാസിയെ കുറിച്ച് ഇങ്ങിനെ പറയുന്നു അവന്‍ ഭയത്തിന്റെയും പ്രതീക്ഷയുടെയും നടുവിലാണ് റമദാനിനു ശേഷം ആര് മാസം അവന്‍ ആശന്കാകുലനാണ്. തന്റെ കര്‍മം അള്ളാഹു സ്വീകരിച്ചുവോ എന്നതാണ് ഈ ആശങ്കയ്ക്ക് നിദാനം, പിനീട് ആര് മാസം അവന്‍ അടുത്ത റമദാനിന്റെ പ്രതീക്ഷയിലാണ്. അലി (റ.അ) പറഞ്ഞത് ഇവിടെ പ്രസക്തമാണ്‌ നിങ്ങള്‍ അടിയുറച്ചു നില്‍ക്കുന്നവരാകനം, തഖവയില്‍,   കാരണം മുത്തഖികളില്‍ നിന്ന് മാത്രമേ അല്ലാഹു കര്‍മം സ്വീകരിക്കുയോല്ലോ. അപ്പോള്‍ നമ്മുടെ കര്‍മം സ്വീകരിക്കാന്‍ ഉണ്ടാവേണ്ട ഒന്നാമത്തെ ഗുണം മുത്തഖി ( സൂക്ഷ്മാലു) ആവുക എന്നതാണ്. ഇസ്ലാം ഉപകാരപ്പെടുന്നത് അവര്‍ക്ക് മാത്രമാകുന്നു. ഖുര്‍ആന്‍ സന്മാര്‍ഗം നല്‍കുക മുത്തഖികള്‍ക്ക് എന്ന് നാം എന്നും പാരായണം ചെയ്യുന്ന വചനങ്ങളാണ്.

ഒരിക്കല്‍ പ്രവാചകന്‍ ഇങ്ങിനെ പാരായണം ചെയ്തു നിശ്ചയം റബ്ബിനോടുള്ള ഭക്തിയാല്‍ ചകിതരാകുന്നവര്‍, റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ ഉറച്ച വിശ്വാസമുള്ളവര്‍, റബ്ബിന്നു പങ്കാളികളാരെയും കല്‍പിക്കാത്തവര്‍, റബ്ബിങ്കലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍, അങ്ങനെയുള്ളവര്‍ മാത്രമാകുന്നു നന്മകളില്‍ ജാഗ്രതയുള്ളവരും അവയെ പ്രാപിക്കുന്നതില്‍ മുന്നേറുന്നവരും അപ്പോള്‍ ആയിഷ (റ. അ) ചോദിച്ചു പ്രവാചകരെ അത് അവര്‍ പണ്ട് കാലത്ത് ചെയ്ത തെറ്റുകള്‍ ഓര്‍ത്തു കൊണ്ടാണോ ഇങ്ങിനെ ഭയപ്പെടുന്നത് തിരുമേനി പറഞ്ഞു തങ്ങളുടെ കര്‍മങ്ങള്‍ അള്ളാഹു സ്വീകരിക്കാതിരിക്കുമോ എന്നതാണ് അവരുടെ ഭയം. പണ്ഡിതന്മാര്‍ അതിനെ ഇങ്ങിനെ വിശദീകരിച്ചു ഇബ്രാഹിം നബി (അ) ചെയ്തത് അതി മഹത്തരമായ കാര്യമാണ്. അതും അല്ലാഹുവിന്റെ കല്പനയില്‍ കഅബ നിര്‍മാണം. പക്ഷെ അപ്പോഴും ആ പ്രവാചകന്മാര്‍ ആശങ്കാകുലരായിരുന്നു. അവരുടെ പ്രാര്‍ത്ഥന നമുക്ക് ഇങ്ങിനെ വായിക്കാം ഓര്‍ക്കുക, ഈ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവെ ഇബ്റാഹീമും ഇസ്മാഈലും  പ്രാര്‍ഥിച്ചിരുന്നു: `ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേ അപ്പോള്‍ കര്‍മം സ്വീകരിക്കപ്പെടുക എന്നതാന് അതിപ്രധാനം. അതിനു റമദാനില്‍ നാമുണ്ടാക്കിയ സൂക്ഷ്മത കൈമോശം വരാതെ സൂക്ഷിക്കുക.

റമദാനില്‍ നമ്മുടെ ശരീരത്തിന് മൊത്തം നോമ്പായിരുന്നു. കണ്ണുകള്‍ അരുതാത്തത് കണ്ടില്ല. കാതുകള്‍ കേട്ടില്ല. നാവ് ഉച്ചരിച്ചില്ല, മനസ്സ് ചിന്തിച്ചില്ല. കാലുകള്‍ അങ്ങോട്ട്‌ നടന്നില്ല. കൈകള്‍ അത് ചെയ്തില്ല. പിന്നെ എപ്പോഴോ പടിഞ്ഞാറേ മാനത്ത് ബാലചന്ദ്രന്‍ വന്നപ്പോള്‍ നമ്മില്‍ പലരും ആ കെട്ടുകളില്‍ നിന്നും സ്വയം മോചനം പ്രഖ്യാപിച്ചു. തഖ്‌വ എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചത് മനുഷ്യന്റെ പരസ്പരമുള്ള ഇടപാടുകള്‍ പറയുന്നിടത്താണ്. നമസ്കാരത്തില്‍ തഖ്‌വ ഉള്ളവരാകുക എന്നോ നോമ്പില്‍ തഖ്‌വ ഉള്ളവരാകുക എന്നോ ഒരു വചനവും നാം കാണില്ല. പകരം ഈ ആരാധന കര്‍മങ്ങള്‍ നിങ്ങള്ക്ക് തഖ്‌വ ജനിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ്. ഇവിടെ നിന്നും സ്വായത്തമാക്കുന്ന തഖ്‌വ ജീവിതത്തിന്റെ പ്രായോഗികതയില്‍ ചിലവഴിക്കുക. അപ്പോള്‍ നിങ്ങള്‍ നാഥന്റെ തൃപ്തിക്ക് പാത്രഭൂതരാകും. അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന അര്‍ത്ഥവത്തായി തീരും   അല്ലാഹുവേ ഞാന്‍ നിന്നോട് നിന്റെ തൃപ്തിയും സ്വര്‍ഗ്ഗവും ചോദിക്കുന്നു, നിന്റെ കോപത്തില്‍ നിന്നും നരകത്തില്‍ നിന്നും ശരണം തേടുകയും ചെയ്യുന്നു നോമ്പ് അത് പരിചയാണ്, തിന്മയോടുള്ള യുദ്ധത്തില്‍ കൈയില്‍ ഉണ്ടാകേണ്ട പരിച പാകപ്പെടുതിയെടുതവരാന് നാം. നമ്മെ വഴികേടിലാക്കാന്‍ ആര്‍ക്കും കഴിയില്ല. പിശാചു നമ്മുടെ മുന്നില്‍ തോറ്റു പോകും, കാരണം ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. എന്റെ സംരക്ഷണം അവന്റെ കയ്യിലാണ്. ഈ ബോധം നമുക്ക് കൊണ്ട് നടക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ റമദാന്‍ ഗുണകരമായിരുന്നു എന്ന് കരുതാം. അതല്ല എന്റെ മനസ്സിന്റെ പരിപൂര്‍ണ കടിഞ്ഞാണ്‍ എനിക്ക് ലഭിച്ചിട്ടില്ല എന്നാണു മനസ്സ് പറയുന്നതെങ്കില്‍................അല്ലാഹുവില്‍ ശരണം. നാളെ കോടിക്കണക്കിനു മനുഷ്യരുടെ മുമ്പില്‍ മുഖം കുത്തി വീഴുന്നവന്‍ ഞാന്‍ ആയിതീരുമോ?. പോട്ടിപ്പിളരാന്‍ മാത്രം ശക്തിയില്‍ കത്തി ജ്വലിക്കുന്ന അഗ്നി.......... എന്റെ മനസ്സ് അസ്വസ്ഥമാണ്. നിങ്ങളുടെതോ?.............  

5 comments:

  1. റമദാന്‍ നമുക്ക് എങ്ങിനെ ഗുണം ചെയ്തു, അതോ ഒരു ഗുണവും ചെയ്തില്ലേ, ഒരു അന്വേഷണം

    ReplyDelete
  2. ഞങ്ങളുടെ മനസ്സും അസ്വസ്ഥമാക്കാന്‍ താങ്കള്‍ക്ക് കഴിയുന്നു അബ്ദുസ്സമദ് സാഹിബ് .

    ReplyDelete
  3. സ്വയമൊരു വിചാരണ എന്നതുന്‍ സഹായകമാകുന്ന ഒരു പോസ്റ്റ്‌..

    ReplyDelete
  4. “ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യുക”.

    ReplyDelete